Sunday, 13 October 2013

ചുള്ളിപ്പാറയുടെ പ്രാദേശികചരിത്രം


ചുള്ളിപ്പാറയുടെ പ്രാദേശികചരിത്രം എങ്ങനെ എഴുതാം?

ചുള്ളിപ്പാറ ഗ്രാമത്തിന്റെ ചരിത്രം ഇതിനകം തന്നെ പലരും പലരൂപത്തിലും എഴുതാൻശ്രമിച്ചിട്ടുണ്ടാകും. ഉണ്ടെങ്കിൽ അതിന്റെ വിവരം ഇത് വായിക്കുന്നവർ കമന്റിൽ സൂചിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു
…………………………………………………………….

ഓർമ്മകളുടെ വീണ്ടെടുപ്പിലൂടെ ചുള്ളിപ്പാറ ഗ്രാമത്തിന്റെ ചരിത്രം കണ്ടുപിടിക്കാനുള്ള ശ്രമം വളരെ വൈകി എന്നറിയാം.പഴമ നന്നായി ഓർത്തുവെച്ചിരുന്ന പലരും മണ്മറഞ്ഞു. അവശേഷിക്കുന്നവരിലൂടെ കിട്ടാവുന്ന പരമാവധി വിവരങ്ങൾ ഓരോരുത്തരും ശേഖരിച്ചു വെക്കുന്നത് വളരെ നന്നായിരിക്കും..

ഒരു രൂപരേഖ[ഔട്ട് ലൈൻ] വരച്ചിട്ട് തൽക്കാലം തുടങ്ങാം.ഇതിലേക്ക് പിന്നീട് കിട്ടുന്ന വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ക്ര്ത്യമാക്കാൻ ശ്രമിക്കുകയും ചെയ്യാം
…………………………………………………………………………….
……………………………………………………………………………..
വെന്നൂരക്കരയിൽ ‘ചുള്ളിപ്പാറ’-യുടെ വ്യാപനം.

ചുള്ളിപ്പാറ എന്നപേര് ഇന്നറിയപ്പെടുന്ന ചുള്ളിപ്പാറയുൾക്കൊള്ളുന്ന പ്രദേശത്തെ മുഴുവൻ വിളിച്ചിരുന്നില്ല..ചുള്ളിപ്പാറ മൈതാനം ഉൾക്കൊള്ളുന്ന വലിയപറമ്പിന്റെ പേരായിരുന്നല്ലോ അത്.ഇന്നത്തെ എൽ പി സ്കൂളിന്റെ കിഴക്കേ പറമ്പും സ്കൂൾ പറമ്പും പടിഞ്ഞറ് തച്ചറക്കൽ വരെയുള്ള/കാട്ട്ത്തൊടു വരെയുള്ള  പറമ്പാണ് ചുള്ളിപ്പാറഇങ്ങനെ നിരവധി പറമ്പുകൾ ഉൾക്കൊള്ളുന്ന പ്രദേശമായിരുന്നു ഇത്.ഈ പറമ്പുകളിൽ വെച്ച് ചുള്ളിപ്പാറ പറമ്പിന് ഒരു പ്രത്യേക ഘട്ടത്തിൽ പ്രാധാന്യം കൈവരികയും മൂന്നു ഭാഗവും പാടത്താൽ ചുറ്റപ്പെട്ട ഈ ഉപദ്വീപ് പ്രദേശം മുഴുവൻ ചുള്ളിപ്പാറ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു..പലസ്ഥലങ്ങളുടെയും പേരുകൾ ഇങ്ങനെയൊക്കെത്തന്നെയാണ് രൂപപ്പെടുന്നത്. ഒരു പറമ്പ് മറ്റെല്ലാപറമ്പുകളെയും കീഴ്പ്പെടുത്തുന്ന ഈ പ്രക്രിയ സ്ഥലനാമകരണപ്രക്രിയയിലെ കൌതുകകരമായ സംഗതിയാണ് .

ചുള്ളിപ്പാറ പറമ്പിന്റെ പേര് ഇങ്ങനെ ആധിപത്യം നേടുന്നതിന്റെ പ്രധാന കാരണമെന്തായിരിക്കാം? ഒന്ന് ചുള്ളിപ്പാറ ,ഈ ഉപദ്വീപിന്റെ മധ്യ/കേന്ദ്രഭാഗമായതു തന്നെയാവാം..ഇങ്ങനെ നാമകരണം നടത്തേണ്ടി വന്നതിന്റെ ഒരു കാരണം സ്വാതന്ത്ര്യാനന്തരമുള്ള പ്രാദേശികഭരണസ്ഥാപനങ്ങളും അതിന്റെ ഭാഗമായുള്ള സ്ഥലവിഭജനവുമാണ്. പഞ്ചായത്തും വാർഡുകളും..ഈ അടുത്തകാലങ്ങളിൽ തന്നെ പല സ്ഥലങ്ങളിലും വാർഡ് വിഭജനങ്ങൾ നടക്കുമ്പോൾ മുമ്പില്ലാത്ത പേരിൽ ആ പ്രദേശം അറിയപ്പെടാൻ തുടങ്ങുന്നതായി കാണാം

തിരൂരങ്ങാടി അംശം വെന്നിയൂർ ദേശം എന്നേ റവന്യൂ റിക്കാറ്ദുകളിൽ ചുള്ളിപ്പാറ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളൂ എന്നാണ് ഞാൻ കരുതുന്നത്..റവന്യൂ രേഖകളിൽ ചുള്ളിപ്പാറ എഴുതപ്പെട്ടു തുടങ്ങുന്നത് അടുത്ത കാലത്തു മാത്രമാണെന്നു തോന്നുന്നു.ഏതായാലും ഈ കാര്യം രേഖകൾ പരിശോധിച്ച് ആധികാരികമാക്കേണ്ട കാര്യമാണ്.

‘വെന്നൂരക്കര’ യിൽ മതിൽകെട്ടി അടക്കാത്ത കാടും പടലവും നിറഞ്ഞ കുറെ പറമ്പുകൾ അല്ലെങ്കിൽ ‘തൊടു‘കളായിരുന്നു അന്ന് ഈ ഗ്രാമം.  
മലാന്തടത്തിൽ,ചേർക്കാട്ട്,പാറമ്മൽ,വേങ്ങശ്ശേരി,അങ്കത്തിൽ,കൂളത്ത് പറമ്പിൽ,സുർമ്മതൊടു,നായൻമാരൊടു,തടത്തിൽ,തൂമ്പിൽ,ഉള്ളാട്ടിൽ,തോട്ടത്ത് ചേരിക്കുണ്ട്,നെച്ചിങ്ങത്തൊടു,മങ്കടി,ഒറ്റക്കണ്ടം,പാറയിൽ,ചെരിച്ചിക്കുണ്ട്,ഒസാരക്കൽ,കാതിയൊടു,ചാൽച്ചേരി,പൊന്നാരത്തിയിൽ,കുറ്റിപ്പെരന്റൊടു,തോട്ടത്തിൽ,കരിപ്പായിത്തൊടു, ഇമ്പിച്ചൂന്റൊടു,മണ്ണാരക്കത്താഴം,കൂർമ്മത്ത് പറമ്പ്,കിണറ്റിത്തൊടു,വലൂർതൊടു ഇങ്ങനെ കുറെ പറമ്പുകളും തൊടുകളും ആയിരുന്നു അന്ന്.പല തൊടു/പറമ്പുകളും ഇന്ന് അതേ പേരിൽ തന്നെ നിലനിൽക്കുന്നുണ്ട്.ചിലതിനൊക്കെ പേരു മാറുകയോ സ്ഥാനചലനം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ ക്ര്ത്യമായി പിന്നീട് രേഖപ്പെടുത്തേണ്ടിയിരിക്കുന്നുപലരുടെയും അന്വേഷണങ്ങൾ നടക്കട്ടേ..  

ചുള്ളിപ്പാറ എന്ന പേര് വീഴാൻ കാരണം?

വെന്നൂരക്കരക്ക് ചുള്ളിപ്പാറ എന്ന പേര് വ്യാപകമാവാനുള്ള കാരണം എന്താവാമെന്ന് നേരത്തെ പറഞ്ഞു.ചുള്ളിപ്പാറ എന്ന ആ പറമ്പിന് ആ പേർ വീഴാനുള്ള കാരണവും അന്വേഷിക്കുന്നത് നന്നായിരിക്കും.ഓരോ പറമ്പിനും ആ പേർ വീഴാനുള്ള കാരണങ്ങൾ അന്വേഷിക്കുന്നത് പ്രധാനമായിരിക്കുമ്പോൽ തന്നെ ചുള്ളിപ്പാറയുടെ പേരിനു പിറകിലെ കാരണം വിശദീകരിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടല്ലോ.കാരണം അത് ഈ നാട്ടു പ്രദേശത്തിന്റെ പേരായിത്തീർന്നതുതന്നെ.

ചുള്ളിപ്പാറയുടെ തൊട്ടടുത്ത പറമ്പായതുകൊണ്ടോ അതിന്റെ ഭാഗമായതു കൊണ്ടൊ ആകാം ചുള്ളിയിൽ എന്ന  പറമ്പ് പേര് ഒന്ന് അവിടെ ഉണ്ടായത്. തിരിച്ചാകാൻ സാധ്യതയുണ്ടോ? പാറയില്ലാത്ത ‘ചുള്ളിയിൽ‘ അവിടെ നേരത്തെ ഉണ്ടായിരുന്നോ? ചുള്ളിയിലെ പാറപ്രദേശമോ ചുള്ളിയിലിനടുത്ത പാറപ്രദേശമോ ആയതുകൊണ്ടുമാവാം ‘ചുള്ളിപ്പാറ‘യുണ്ടായത്. കൊടക്കല്ലിങ്ങൾ പണ്ട് കൊടക്കല്ലുമ്പാറ എന്നും പറയപ്പെട്ടിരുന്നല്ലോ.

ചുള്ളിപ്പാറ എന്ന പേരിന്റെ പഴക്കം അറിയാൻ പറ്റിയാൽ /അതിന് നല്ല പഴക്കമുണ്ടെങ്കിൽ ചുള്ളിപ്പാറക്ക് ശോഭനമായ ഒരു ഭൂതകാലമുണ്ടായിരുന്നെന്ന് വരും.ചുള്ളിപ്പറമ്പ് പോലെ ചുള്ളിയുള്ള സമീപത്തെ മറ്റ് സ്ഥലങ്ങളും കൂടി ചേർത്ത് ചരിത്രവിദ്യാർത്ഥികൾക്ക് ഇത് പഠനവിധേയമാക്കാവുന്നതാണ്. ഇത് അതിരുകടന്ന ഭാവനയോ അധികപ്രസംഗമോ ആണെന്നു വരികിൽ ക്ഷമിക്കുക.മഹാശിലായുഗത്തിന്റെ അവശിഷ്ടമായ ‘കൊടക്കല്ലു’ തൊട്ടടുത്തു തന്നെയായ സ്ഥിതിക്ക്.ബാക്കി പിന്നീടാവാം..

എഴുതിയേടത്തോളമുള്ള കാര്യങ്ങൾ വെച്ച് ചരിത്രകുതുകികളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

No comments:

Post a Comment