Monday, 21 October 2013

ചുള്ളിപ്പാറചരിത ം-3

ചുള്ളിപ്പാറചരിത
ം-3
.........................
ചുള്ളിപ്പാറ മൈതാനത്തെ 'ചതുരക്കിണർ'

പഴയ ചുള്ളിപ്പാറ മൈതാനത്തിന്റെ ഏതാണ്ട്‌ മധ്യത്തിലായി ഇപ്പോൾ മെയിൻ റോഡിനടുത്തായി ഒരു ചതുരക്കിണറുണ്ടല്ലോ. ഇപ്പോളത്‌ സ്ലാബിട്ട്‌ മൂടിയിരിക്കുന്നു.തൂർത്തിട്ടില്ല.ഈ കിണറിന്‌ പാമ്പൂരിയില്ല.പകരം ചവിട്ടിയിറങ്ങാനും കയറാനും കൊത്തിയുണ്ടാക്കിയ കുഴികളാണുള്ളത്‌.ചതുരക്കിണറുകൾക്ക്‌ പാമ്പൂരി പൊതുവെ കാണാറില്ലെന്ന് തോന്നുന്നു.

ഈ കിണർ ചുള്ളിപ്പാറ മൈതാനത്തിന്നു ചുറ്റും താമസിച്ചിരുന്ന വീട്ടുക്കാർക്കൊക്കെ വെള്ളം നൽകിയിരുന്ന കിണർ ആയിരുന്നു എന്നാണ്‌ കേൾവി. മൈതാനം കപ്രാട്ടെ ജന്മിമാരുടെ കയ്യിലായിരുന്നപ്പോഴേ ഈ കിണർ ഉണ്ടായിരുന്നത്രെ. എന്നാണ്‌ ഈ കിണർ കുഴിച്ചത്‌? ആരാണ്‌ കുഴിപ്പിച്ചത്‌ എന്നതൊക്കെ അറിഞ്ഞാൽ അത്‌ ചരിത്രാന്വേഷണത്തിന്‌ പല രീതിയിലും സഹായകമാകും.

കിണറുകൾ ഇന്നത്തെ പോലെ വ്യാപകമായിരുന്നില്ല പണ്ട്‌.വലിയ തറവാടുകളിൽ മാത്രം കിണറുണ്ടാകും .സാധാരണക്കാർക്ക്‌ കിണർ കുഴിക്കാനൊന്നുമുള്ള പ്രാപ്തിയുണ്ടായിരുന്നില്ല. ജന്മികൾ കുഴിച്ചുകൊടുക്കുന്ന ചിലപൊതുകിണറുകൾ മാത്രമായിരുന്നു ഭൂരിപക്ഷത്തിന്റെയും ആശ്രയം. അങ്ങനെയോ മറ്റോ ചുള്ളിപ്പാറ മൈതാനത്തിനു ചുറ്റും താമസിക്കുന്നവർക്കായിട്ട്‌ ഭൂവുടമ കുഴിച്ചുകൊടുത്ത കിണറായിരിക്കുമോ ഈ കിണർ? ആവാം.

ചുള്ളിപ്പാറയിലെ പഴയ കിണറുകളെല്ലാം ചതുരത്തിലുള്ളവയായിരുന്നു എന്നു പറയപ്പെടുന്നു.ഇത്‌ ശരിയാണെങ്കിൽ വട്ടക്കിണറുകൾ ഉണ്ടാക്കാൻ തുടങ്ങിയിട്ട്‌ എത്ര കാലമായി? ആദ്യത്തെ വട്ടക്കിണർ ഏതായിരുന്നു? ഇതൊക്കെ അറിയാനായി അന്വേഷണം നടത്തേണ്ടതുണ്ട്‌.ഏതായാലും 70-80 വർഷങ്ങൾക്കിങ്ങോട്ടാണ്‌ വട്ടക്കിണറുകൾ ഉണ്ടാകാൻ തുടങ്ങിയതെന്ന് ഊഹിക്കാം.

ചുള്ളിപ്പാറ മൈതാനത്തിലെ മേൽപറഞ്ഞ ചതുരക്കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നത്‌ നിന്നിട്ട്‌ എത്രവർഷമായിരിക്കും? കൃത്യം പറയാൻ കഴിയുന്നവർ പറയട്ടേ.

പരിസരപ്രദേശങ്ങളിൽ വട്ടക്കിണറുകൾ ഉണ്ടാകുകയും അതിനനുസരിച്ച്‌ ഈ കിണറ്റിലെ വെള്ളത്തിന്‌ കുറവുണ്ടാകുകയും ചെയ്തതോടെ കിണറിന്റെ ഉപയോഗം നിലച്ചു.

ചുള്ളിപ്പാറയിലെ പഴയകിണറുകൾ
ചതുരത്തിലായിരുന്നു എന്ന് പറഞ്ഞല്ലോ.ഇത്‌ ശരിയെങ്കിൽ വട്ടത്തിലുള്ള കിണറാണ്‌ കൂടുതൽ വെള്ളം ഉൾക്കൊള്ളുന്നതെന്ന അറിവിന്റെ പ്രയോഗവൽക്കരണം നമ്മുടെ പൂർവ്വികർക്ക്‌ വളരെ വൈകിയാണ്‌ ലഭ്യമായതെന്ന് കരുതേണ്ടി വരും.

കിണറുകൾ പുരാരേഖയാണ്‌.കിണറിന്റെ പഴക്കം അറിയാൻ കഴിഞ്ഞാൽ ഇവിടത്തെ ജനവാസത്തിന്റെ പഴക്കം അറിയാൻ കഴിയും.

പഴയ ചതുരക്കിണറുകൾ പലതും ഇപ്പോഴും മുകൾ ഭാഗം മാത്രം വട്ടത്തിലാക്കിയും മറ്റും ഇപ്പോഴും അവശേഷിക്കുന്നുണ്ട്‌. അതൊക്കെ അറിയുന്ന വായനക്കാർ പങ്കുവെക്കട്ടെ.

പഴയ ചതുരക്കിണറുകൾക്കെല്ലാം ഒരേ വിസ്താരം/വലിപ്പം ആയിരുന്നോ? ചുള്ളിപ്പാറ മൈതാനത്തെ കിണറും മറ്റു ചതുരകിണറുകളും തമ്മിൽ കാതലായ വ്യത്യാസങ്ങൾ വല്ലതും ഉണ്ടായിരുന്നോ? അറിവുകൾ സമാഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു.
..................................

ചുള്ളിപ്പാറചരിത ം-2


........................
ചുള്ളിപ്പാറയുടെ പ്രാചീനചരിത്രത്തെ പ്രതി ചില അഭ്യൂഹങ്ങൾ പങ്കുവെക്കുകയാണിവിടെ..ചരിത്രം പ്രത്യേകമായെടുത്ത്‌ പഠിച്ചവരും ചരിത്രപുസ്തകങ്ങളുമായി പരിചയമുള്ള്വറും ക്രിയാത്മകമായി ഇടപെടണമെന്നഭ്യർത്ഥിക്കുന്നു...എല്ലാ സാധാരണവായനക്കാരും തങ്ങളുടെ ഭാവനക്കനുസരിച്ച്‌ ചർച്ചയിൽ ഇടപെട്ട്‌ കമന്റുകൾ അയക്കണം...എല്ലാവരുടെയും പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്‌..
.............................
ചുള്ളിപ്പാറയുടെ തൊട്ടടുത്തുകിടക്കുന്ന കൊടക്കല്ലിലെ കുടക്കല്ലുകൾ/തൊപ്പിക്കല്ലുകൾ മഹാശിലായുഗത്തിന്റെ അവശിഷ്ടമാണ്‌.ആദിമ,മധ്യ,ആധുനികശിലായുഗങ്ങൾക്ക്‌ ശേഷം വരുന്നതാണ്‌ മഹാശിലായുഗം.ഇരുമ്പിന്റെ ഉപയോഗമാണ്‌ ഈ യുഗത്തിന്റെ പ്രത്യേകത.2000 വർഷങ്ങളോളം പഴക്കമുള്ള ഈ കുടക്കല്ലുകൾ ചുള്ളിപ്പാറയടങ്ങുന്ന ഈ പ്രദേശത്തെ ജനവാസത്തിന്റെ പഴക്കത്തെ സൂചിപ്പിക്കുന്നു. മഹാശിലായുഗാവശിഷ്ടങ്ങൾ മലമ്പ്രദേശങ്ങളിൽ നിന്ന് സമതലപ്രദേശത്തേക്ക്‌ ജനവാസകേന്ദ്രങ്ങൾ മാറുന്നതിന്റെ തെളിവുകളായി പലരും വിലയിരുത്തുന്നു. മഹാശിലായുഗമനുഷ്യർ തങ്ങളുടെ ജനവാസകേന്ദ്രത്തിനടുത്തുള്ള ജനവാസയോഗ്യമല്ലാത്ത കുന്നിഞ്ചരിവിലും മറ്റുമാണ്‌ തങ്ങളുടെ ശവമടക്കുസമ്പ്രദായത്തിന്റെ ഭാഗമായ കുടക്കല്ലും മറ്റും ഒരുക്കിയിരുന്നത്‌.കൊടക്കല്ലും ചുള്ളിപ്പാറയും ഒക്കെ ജനവാസ യോഗ്യമല്ലാത്ത പ്രദേശമായിരുന്നു..പാറപ്രദേശങ്ങൾ.അതേസമയം തൊട്ടടുത്തു തന്നെ ജനവാസം ഉണ്ടായിരുന്നു.വയലുകളോട്‌ ചേർന്നായിരുന്നു ഈ ജനവാസകേന്ദ്രങ്ങൾ എന്ന് ന്യായമായും ഊഹിക്കാം.

കൃഷിക്ക്‌ ഇരുമ്പായുധം ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവായി കുടക്കല്ലുകളിലെ ശവമടക്കിയ ഭരണികളീൽ കൂടെ അടക്കിയിരുന്ന ആയുധങ്ങളെ ചരിത്രകാരന്മാർ എടുത്തുകാട്ടുന്നു.

കുടക്കല്ലുണ്ടായിരുന്ന കൊടക്കല്ല്'പാറ' പ്രദേശം ജനവാസയോഗ്യമല്ലായിരുന്നെങ്കിൽ അതിനടുത്ത്‌ അക്കാലത്ത്‌ എവിടൊക്കെ ജനവാസത്തിനു സാധ്യതയുണ്ടാകും?

ഈ ചോദ്യം നമ്മുടെ ചിന്തയെ വയലുകളുടെ അടുത്തേക്ക്‌ സ്വാഭാവികമായും കൊണ്ടുപോകുന്നു.
...........................
കുന്നുകളെ ചുറ്റുന്ന പാടങ്ങൾ

നമ്മുടെ പ്രദേശം ചെറിയക്കുന്നുകളുടെ സമാഹാരമാണ്‌. കുന്നുകളെ ചുറ്റി പാടങ്ങളുടെ ഒരു നെറ്റ്വർക്ക്‌[വല] ആണ്‌ ഉള്ളത്‌. അപ്പോൾ കൊടക്കലിനു സമീപത്തുള്ള പാടവക്കുകളാകാം അന്നത്തെ ജനവാസകേന്ദ്രങ്ങൾ. പാവുട്ടിച്ചിറ,അപ്ലിപ്പാടം,കൊളക്കാട്ട്‌ പാടം,തെന്നലപ്പാടം ഒക്കെയാവാം അവ.ചുള്ളിപ്പാറ പ്രദേശത്തിന്റെ മൂന്നു വശങ്ങളിലുമുള്ള വയൽ വക്കുകളിലാവാം ആദ്യത്തെ ജനവാസം.പിനീട്‌ മൈതാന ഭാഗത്തെ/മധ്യഭാഗത്തെ ലക്ഷ്യമാക്കി ആ ജനവാസം വികസിക്കുകയായിരുന്നു. ജനവാസയോഗ്യമല്ലാത്ത ജലദൗർലഭ്യം നേരിട്ടിരുന്ന ഉയർന്ന പാറപ്രദേശത്തേക്ക്‌ ഇരുമ്പിന്റെ വ്യാപകമായ ഉപയോഗത്തെ തുടർന്ന് കിണറുകൾ കുഴിച്ചും മറ്റും ജനങ്ങൾ കുടിയേറുകയായിരുന്നു.

അവസാനം ചുള്ളിപ്പാറ മൈതാനം എന്നറിയപ്പെടുന്ന ഒരു കഷണ്ടി മാത്രം അവശേഷിച്ചു.ഇപ്പോൾ ആ കഷണ്ടിയും പോയി.പുരോഗതി ആ കഷണ്ടിക്ക്‌ മരുന്നായി.

[കുന്നുകൾക്കിടയി പാടങ്ങളുടെ വലക്കണ്ണി രൂപപ്പെട്ടതിന്റെ ചരിത്രവിവരണം കൂടി വേണമെങ്കിൽ പിന്നീട്‌ നൽകാം}
........................
'ചുള്ളി'യുടെ പ്രാധാന്യം

ചുള്ളിപ്പാറയുടെ പേരിലെ ചുള്ളിയുടെ പഴക്കത്തിന്‌ [പഴക്കമുണ്ടെങ്കിൽ} പ്രാധാന്യമുള്ള കാര്യം കഴിഞ്ഞപോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. അതിനെക്കുറിച്ചു കൂടിപ്പറഞ്ഞ്‌ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാം.

പ്രൊഫ.പി ഒ പുരുഷോത്തമൻ എഴുതിയ 'ബുദ്ധന്റെ കാൽപാടുകൾ- കേരളത്തിന്റെ ബുദ്ധമത പൈതൃകത്തിലേക്ക്‌ ഒരു എത്തിനോട്ടം' എന്ന പുസ്തകത്തിൽനിന്ന് ഒരു ഭാഗം ഉദ്ധരിക്കാം.

"ചുള്ളി:ഔഷധികളുടെ സംഭരണവും വിതരണവും നടത്തിയിരുന്ന വിൽപനശാലയാണ്‌ ചുള്ളി.അതിനെ കേന്ദ്രമാക്കി ചുള്ളിക്കലെന്നും ചുള്ളിക്കാടെന്നും ചുള്ളിത്തയ്യിലെന്നും സംജ്ഞയുണ്ടായി.ചുള്ളിയുടെ മേലാളനാണ്‌ ചുള്ളിയാൾ അദ്ദേഹം നിവസിക്കുന്ന ദേശമാണ്‌ ചുള്ളിയാളം[ചുള്ളി+ആൾ+അം}.ഇപ്പോൾ സ്ഥലനാമം ചുള്ളാളമെന്ന് ചുരുങ്ങിപ്പോയി."[പേജ്‌:51]

ചുള്ളിപ്പാറക്ക്‌ വല്ല വൈദ്യ വ്യാപാരത്തിന്റെയും പാരമ്പര്യം ഉണ്ടായിരുന്നോ? വർഷങ്ങൾക്ക്‌ മുമ്പ്‌ മാഞ്ഞുപോയതാരിക്കുമോ അത്‌?

ഇത്തരം പാരമ്പര്യമൊന്നും ഇല്ലെങ്കിൽ ചുള്ളിപ്പാറ എന്ന പേര്‌ അത്ര പഴയതല്ലെങ്കിൽ എന്റെ ഈ വാദം ബാലിശമെന്ന് കണ്ട്‌ അവഗണിച്ചേക്കുക.

Sunday, 13 October 2013

ചുള്ളിപ്പാറയുടെ പ്രാദേശികചരിത്രം


ചുള്ളിപ്പാറയുടെ പ്രാദേശികചരിത്രം എങ്ങനെ എഴുതാം?

ചുള്ളിപ്പാറ ഗ്രാമത്തിന്റെ ചരിത്രം ഇതിനകം തന്നെ പലരും പലരൂപത്തിലും എഴുതാൻശ്രമിച്ചിട്ടുണ്ടാകും. ഉണ്ടെങ്കിൽ അതിന്റെ വിവരം ഇത് വായിക്കുന്നവർ കമന്റിൽ സൂചിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു
…………………………………………………………….

ഓർമ്മകളുടെ വീണ്ടെടുപ്പിലൂടെ ചുള്ളിപ്പാറ ഗ്രാമത്തിന്റെ ചരിത്രം കണ്ടുപിടിക്കാനുള്ള ശ്രമം വളരെ വൈകി എന്നറിയാം.പഴമ നന്നായി ഓർത്തുവെച്ചിരുന്ന പലരും മണ്മറഞ്ഞു. അവശേഷിക്കുന്നവരിലൂടെ കിട്ടാവുന്ന പരമാവധി വിവരങ്ങൾ ഓരോരുത്തരും ശേഖരിച്ചു വെക്കുന്നത് വളരെ നന്നായിരിക്കും..

ഒരു രൂപരേഖ[ഔട്ട് ലൈൻ] വരച്ചിട്ട് തൽക്കാലം തുടങ്ങാം.ഇതിലേക്ക് പിന്നീട് കിട്ടുന്ന വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ക്ര്ത്യമാക്കാൻ ശ്രമിക്കുകയും ചെയ്യാം
…………………………………………………………………………….
……………………………………………………………………………..
വെന്നൂരക്കരയിൽ ‘ചുള്ളിപ്പാറ’-യുടെ വ്യാപനം.

ചുള്ളിപ്പാറ എന്നപേര് ഇന്നറിയപ്പെടുന്ന ചുള്ളിപ്പാറയുൾക്കൊള്ളുന്ന പ്രദേശത്തെ മുഴുവൻ വിളിച്ചിരുന്നില്ല..ചുള്ളിപ്പാറ മൈതാനം ഉൾക്കൊള്ളുന്ന വലിയപറമ്പിന്റെ പേരായിരുന്നല്ലോ അത്.ഇന്നത്തെ എൽ പി സ്കൂളിന്റെ കിഴക്കേ പറമ്പും സ്കൂൾ പറമ്പും പടിഞ്ഞറ് തച്ചറക്കൽ വരെയുള്ള/കാട്ട്ത്തൊടു വരെയുള്ള  പറമ്പാണ് ചുള്ളിപ്പാറഇങ്ങനെ നിരവധി പറമ്പുകൾ ഉൾക്കൊള്ളുന്ന പ്രദേശമായിരുന്നു ഇത്.ഈ പറമ്പുകളിൽ വെച്ച് ചുള്ളിപ്പാറ പറമ്പിന് ഒരു പ്രത്യേക ഘട്ടത്തിൽ പ്രാധാന്യം കൈവരികയും മൂന്നു ഭാഗവും പാടത്താൽ ചുറ്റപ്പെട്ട ഈ ഉപദ്വീപ് പ്രദേശം മുഴുവൻ ചുള്ളിപ്പാറ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു..പലസ്ഥലങ്ങളുടെയും പേരുകൾ ഇങ്ങനെയൊക്കെത്തന്നെയാണ് രൂപപ്പെടുന്നത്. ഒരു പറമ്പ് മറ്റെല്ലാപറമ്പുകളെയും കീഴ്പ്പെടുത്തുന്ന ഈ പ്രക്രിയ സ്ഥലനാമകരണപ്രക്രിയയിലെ കൌതുകകരമായ സംഗതിയാണ് .

ചുള്ളിപ്പാറ പറമ്പിന്റെ പേര് ഇങ്ങനെ ആധിപത്യം നേടുന്നതിന്റെ പ്രധാന കാരണമെന്തായിരിക്കാം? ഒന്ന് ചുള്ളിപ്പാറ ,ഈ ഉപദ്വീപിന്റെ മധ്യ/കേന്ദ്രഭാഗമായതു തന്നെയാവാം..ഇങ്ങനെ നാമകരണം നടത്തേണ്ടി വന്നതിന്റെ ഒരു കാരണം സ്വാതന്ത്ര്യാനന്തരമുള്ള പ്രാദേശികഭരണസ്ഥാപനങ്ങളും അതിന്റെ ഭാഗമായുള്ള സ്ഥലവിഭജനവുമാണ്. പഞ്ചായത്തും വാർഡുകളും..ഈ അടുത്തകാലങ്ങളിൽ തന്നെ പല സ്ഥലങ്ങളിലും വാർഡ് വിഭജനങ്ങൾ നടക്കുമ്പോൾ മുമ്പില്ലാത്ത പേരിൽ ആ പ്രദേശം അറിയപ്പെടാൻ തുടങ്ങുന്നതായി കാണാം

തിരൂരങ്ങാടി അംശം വെന്നിയൂർ ദേശം എന്നേ റവന്യൂ റിക്കാറ്ദുകളിൽ ചുള്ളിപ്പാറ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളൂ എന്നാണ് ഞാൻ കരുതുന്നത്..റവന്യൂ രേഖകളിൽ ചുള്ളിപ്പാറ എഴുതപ്പെട്ടു തുടങ്ങുന്നത് അടുത്ത കാലത്തു മാത്രമാണെന്നു തോന്നുന്നു.ഏതായാലും ഈ കാര്യം രേഖകൾ പരിശോധിച്ച് ആധികാരികമാക്കേണ്ട കാര്യമാണ്.

‘വെന്നൂരക്കര’ യിൽ മതിൽകെട്ടി അടക്കാത്ത കാടും പടലവും നിറഞ്ഞ കുറെ പറമ്പുകൾ അല്ലെങ്കിൽ ‘തൊടു‘കളായിരുന്നു അന്ന് ഈ ഗ്രാമം.  
മലാന്തടത്തിൽ,ചേർക്കാട്ട്,പാറമ്മൽ,വേങ്ങശ്ശേരി,അങ്കത്തിൽ,കൂളത്ത് പറമ്പിൽ,സുർമ്മതൊടു,നായൻമാരൊടു,തടത്തിൽ,തൂമ്പിൽ,ഉള്ളാട്ടിൽ,തോട്ടത്ത് ചേരിക്കുണ്ട്,നെച്ചിങ്ങത്തൊടു,മങ്കടി,ഒറ്റക്കണ്ടം,പാറയിൽ,ചെരിച്ചിക്കുണ്ട്,ഒസാരക്കൽ,കാതിയൊടു,ചാൽച്ചേരി,പൊന്നാരത്തിയിൽ,കുറ്റിപ്പെരന്റൊടു,തോട്ടത്തിൽ,കരിപ്പായിത്തൊടു, ഇമ്പിച്ചൂന്റൊടു,മണ്ണാരക്കത്താഴം,കൂർമ്മത്ത് പറമ്പ്,കിണറ്റിത്തൊടു,വലൂർതൊടു ഇങ്ങനെ കുറെ പറമ്പുകളും തൊടുകളും ആയിരുന്നു അന്ന്.പല തൊടു/പറമ്പുകളും ഇന്ന് അതേ പേരിൽ തന്നെ നിലനിൽക്കുന്നുണ്ട്.ചിലതിനൊക്കെ പേരു മാറുകയോ സ്ഥാനചലനം സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ ക്ര്ത്യമായി പിന്നീട് രേഖപ്പെടുത്തേണ്ടിയിരിക്കുന്നുപലരുടെയും അന്വേഷണങ്ങൾ നടക്കട്ടേ..  

ചുള്ളിപ്പാറ എന്ന പേര് വീഴാൻ കാരണം?

വെന്നൂരക്കരക്ക് ചുള്ളിപ്പാറ എന്ന പേര് വ്യാപകമാവാനുള്ള കാരണം എന്താവാമെന്ന് നേരത്തെ പറഞ്ഞു.ചുള്ളിപ്പാറ എന്ന ആ പറമ്പിന് ആ പേർ വീഴാനുള്ള കാരണവും അന്വേഷിക്കുന്നത് നന്നായിരിക്കും.ഓരോ പറമ്പിനും ആ പേർ വീഴാനുള്ള കാരണങ്ങൾ അന്വേഷിക്കുന്നത് പ്രധാനമായിരിക്കുമ്പോൽ തന്നെ ചുള്ളിപ്പാറയുടെ പേരിനു പിറകിലെ കാരണം വിശദീകരിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടല്ലോ.കാരണം അത് ഈ നാട്ടു പ്രദേശത്തിന്റെ പേരായിത്തീർന്നതുതന്നെ.

ചുള്ളിപ്പാറയുടെ തൊട്ടടുത്ത പറമ്പായതുകൊണ്ടോ അതിന്റെ ഭാഗമായതു കൊണ്ടൊ ആകാം ചുള്ളിയിൽ എന്ന  പറമ്പ് പേര് ഒന്ന് അവിടെ ഉണ്ടായത്. തിരിച്ചാകാൻ സാധ്യതയുണ്ടോ? പാറയില്ലാത്ത ‘ചുള്ളിയിൽ‘ അവിടെ നേരത്തെ ഉണ്ടായിരുന്നോ? ചുള്ളിയിലെ പാറപ്രദേശമോ ചുള്ളിയിലിനടുത്ത പാറപ്രദേശമോ ആയതുകൊണ്ടുമാവാം ‘ചുള്ളിപ്പാറ‘യുണ്ടായത്. കൊടക്കല്ലിങ്ങൾ പണ്ട് കൊടക്കല്ലുമ്പാറ എന്നും പറയപ്പെട്ടിരുന്നല്ലോ.

ചുള്ളിപ്പാറ എന്ന പേരിന്റെ പഴക്കം അറിയാൻ പറ്റിയാൽ /അതിന് നല്ല പഴക്കമുണ്ടെങ്കിൽ ചുള്ളിപ്പാറക്ക് ശോഭനമായ ഒരു ഭൂതകാലമുണ്ടായിരുന്നെന്ന് വരും.ചുള്ളിപ്പറമ്പ് പോലെ ചുള്ളിയുള്ള സമീപത്തെ മറ്റ് സ്ഥലങ്ങളും കൂടി ചേർത്ത് ചരിത്രവിദ്യാർത്ഥികൾക്ക് ഇത് പഠനവിധേയമാക്കാവുന്നതാണ്. ഇത് അതിരുകടന്ന ഭാവനയോ അധികപ്രസംഗമോ ആണെന്നു വരികിൽ ക്ഷമിക്കുക.മഹാശിലായുഗത്തിന്റെ അവശിഷ്ടമായ ‘കൊടക്കല്ലു’ തൊട്ടടുത്തു തന്നെയായ സ്ഥിതിക്ക്.ബാക്കി പിന്നീടാവാം..

എഴുതിയേടത്തോളമുള്ള കാര്യങ്ങൾ വെച്ച് ചരിത്രകുതുകികളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

Sunday, 19 July 2009

'ഇതൊക്കെ പ്പത്തെ കുട്ട്യാക്ക്‌ പുട്യാട്ണ്ടാന്നാവം...'

ഞമ്മളെ ബല്യിപ്പാരും ബല്യിമാരുമൊക്കെ പറ്‌ഞ്ഞീർന്ന ബാക്കുകൾ ഇപ്പൊ ഞമ്മള്‌ മർന്ന്ട്ട്ണ്ടാന്ന് ഒന്ന് ആലോയ്ച്ചോക്കീൻ.പയേ ബാക്കുകള്‌ടെ ഒര്‌ "ഡിക്ഷനറി" ഞമ്മക്ക്ണ്ടാക്കാം.എല്ലാരും അവ്‌രോര്‌ക്കാറിണെ ബാക്കുകള്‌ അയ്ചെരിൻ.ഇച്ചറിണത്‌ ഞാൻ കൊർച്ച്‌ ബെടെ കൊട്ക്കാം.ബല്ലിച്ച തെറ്റുണ്ടെങ്കി ആര്‌കും പറയ. ഞാൻ തിര്‌ത്തിക്കോളാം.ന്താന്ന്‌ച്ചാല്‌ പലേത്ന്റീം അർത്തം ക്‌റ്‌ത്യായ്റ്റ്‌ അങ്ങട്ട്‌ പറ്‌യാൻ ഇച്ചും പുട്‌യേട്ല്യ.ഇതീല്‌ പലതും ഞമ്മള്‌ ഇപ്പളും പറിണ ബാക്കുകളാണ്‌.ഞമ്മളെ നാടൻ ബാക്കുകള്‌ടെ ഒരു തങ്കേരം ഞമ്മക്ക്‌`ണ്ടാക്ണത്‌ നല്ലതല്ലേ.ന്നാ ദാ ബായിച്ചോളീൻ.
പയേത്‌ - പുതീത്‌
------------ -- --------
പോങ്ങ - കുറച്ച്‌
മയ്പ്പ്‌ - സന്ധ്യ
അമാന്തം - താമസം,സുഖമില്ലായ്മ
ചടപ്പ്‌ - അസുഖം,മുഷിച്ചിൽ
വാസു/ബാസു - അന്ത്യശ്വാസം
ഒജീനം - ഭക്ഷണം
ഒജീനിക്കുക - ഭക്ഷിക്കുക
പായാരം - ഇല്ലായ്മ
ബര്‌ത്തം - വേദന,അസുഖം
ചീരാപ്പ്‌ - മൂക്കൊലി
ബിസായം - കാര്യം,വിഷയം
അതീനം - എത്തും പിടിയും,പരിധി
ച്ച്‌രോം - കുറച്ച്‌
ഇറ്റോം - കുറച്ച്‌,തുള്ളി
കുച്ചിപ്പുറ്റ്‌ - തൊട്ടതിനൊക്കെ കുറ്റം
ചിത്താന്തം - കണ്ടുകൂടായ്മ,പക
ചൊഗ്ഗ്‌ - ചൊവ്വ്‌
ബീസം ബിഗുക -പിണങ്ങുക,അനിഷ്ടം ഉണ്ടാവുക
ബീസത്തൂക്കം - അണുമണിതൂക്കം
മാഞ്ഞാളം - കളി,കുട്ടിക്കളി
സുജായി - മാന്യൻ,തടിമിടുക്കൻ
ഹവ - വല്ലാത്ത അവസ്ഥ
മൂന്ത - മോന്ത,മുഖം
അതൃപ്പം - അത്ഭുതം
ബെറി - വെറി
ഈറ - ദേഷ്യം
കൊളർമ്മ - ഒാർമ്മ
അലച്ച - കൊതി
പസർമ്മ -
കൊസർ -
കെട - ഞെളിച്ചിൽ
ഇസ്സെന്റെ പുന്നാരേ -
തങ്കേരം - ശേഖരം,
പാത്തു വെക്കുക-സൂക്ഷിച്ച്‌ വെക്കുക
പൂതർപ്പ്‌ -
എത്തപ്പത്ത്‌-
എക്കച്ചക്ക -
ഉസാർത്ത്‌ -ബോധം
ബെക്കം - വേഗം
അയ്‌ വത്തരം - നാണക്കേട്‌, മോശം
ഇമ്മിണി -
സുമ്മ് -ശല്യം
കച്ചറ -
പെര്‌ത്ത്‌ -കുറെ
അത്തോം പുത്തോം -
അല്‌സ്‌ -
ഞഞ്ഞാമിഞ്ഞ -
കുന്ത്രാണ്ടം -
പീറ -
ചപ്പത്തരം -
ചപ്പൻ -
സുയ്പ്‌ - ബുദ്ധിമുട്ട്
‌സൊറ -
കോള്‌ -
ബെക്ക -
കുത്തറക്കുക -കുത്തിയിരിക്കുക
പെൽച്ചം -ഭാഗ്യം
പയ്പ്പ്‌ -വിശപ്പ്‌
ചപ്രത്തരം -
കാലിസ്രായി -
ദെസാവ്‌ -
വല്ലിച്ചായി/ബല്ലിച്ചായിക്കൾ -
സൊന്തറവ്‌ -

ഇതിൽ പ്രയോഗങ്ങളും ശൈലികളും ഒക്കെ ഉണ്ട്‌. ഉദാ:ഇസ്സെന്റെ പുന്നാരെ.അത്തരത്തിൽ പെട്ടതും അയക്കാം. നിങ്ങളുടെ പേരിൽ അവ പ്രസിദ്ധീകരിക്കാം. സഹകരണം പ്രതീക്ഷിക്കുന്നു. കമന്റിൽ എഴുതിയാലും മതി.മലയാളം വേണമെന്നില്ല.മംഗ്ലീഷ്‌ മതി.